സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു

റിയാദ്: റിയാദ് ഡ്രൈ പോർട്ട് വഴി ഗോഡൗണിലേക്ക് കടത്തിയ മയക്കുമരുന്ന് പിടിച്ചെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കണ്ട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ഗോഡൗണിൽ റെയ്ഡ് നടത്തുകയും കള്ളക്കടത്തുകാരെ പിടികൂടുകയും ചെയ്തു. ഇതിൽ ആറ് സിറിയൻ പൗരൻമാരും രണ്ട് പാകിസ്ഥാനികളും ഉൾപ്പെടുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറക്കുമതി ചെയ്ത മൈദയ്ക്കുള്ളിൽ ഒളിപ്പിച്ച് 4,69,16,480 ആംഫിറ്റമൈൻ ഗുളികകളാണ് രാജ്യത്തേക്ക് കടത്തിയത്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി എന്നിവയുടെ ഏകോപനത്തിൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനും മുമ്പ് അവർക്കെതിരെ പ്രാഥമിക നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

ഒറ്റ ഓപ്പറേഷനിലൂടെ രാജ്യത്തേക്ക് കടത്തിയ ഏറ്റവും വലിയ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് അൽ നുജൈദി പറഞ്ഞു. രാജ്യത്തിന്‍റെയും യുവതലമുറയുടെയും സുരക്ഷ ലക്ഷ്യമിട്ട്, സുരക്ഷാ സേന മയക്കുമരുന്ന് കടത്ത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.