കിഴക്കൻ പാപുവ ന്യൂ ഗിനിയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.6 തീവ്രത

കിഴക്കൻ പാപുവ ന്യൂ ഗിനിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. തീരദേശ പട്ടണമായ മഡാങിന് സമീപമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഭീഷണി നീങ്ങിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള പട്ടണങ്ങളിൽ നിന്ന് 300 മൈൽ (480 കിലോമീറ്റർ) അകലെയുള്ള പോർട്ട് മോറെസ്ബിയുടെ തലസ്ഥാനത്തേക്ക് വരെ ഭൂകമ്പം വ്യാപകമായി അനുഭവപ്പെട്ടു. പാപ്പുവ ന്യൂ ഗിനിയയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സവും കെട്ടിടങ്ങൾക്ക് കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില തീരപ്രദേശങ്ങളിൽ ഇപ്പോഴും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കൈനന്തു പട്ടണത്തിൽ നിന്ന് 67 കിലോമീറ്റർ അകലെ 61 കിലോമീറ്റർ (38 മൈൽ) ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. കിഴക്കൻ ഹൈലാൻഡ് പട്ടണമായ ഗൊറോക്കയിലെ ഒരു സർവകലാശാലയ്ക്ക് ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ ചുമരുകളിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മുൻ ഭൂചലനങ്ങളേക്കാൾ വളരെ ശക്തമായിരുന്നു ഇത്തവണത്തേതെന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള ലെയിലും മഡംഗിലുമുള്ള പ്രദേശവാസികൾ പറഞ്ഞത്.