ക്രൈമിയ കടൽപ്പാലത്തിൽ വൻ സ്ഫോടനം; റഷ്യൻ സൈനിക കേന്ദ്രങ്ങൾ ഞെട്ടലിൽ

മോസ്കോ: ക്രൈമിയ ഉപദ്വീപിനെ റഷ്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽ പാലത്തിൽ വൻ സ്ഫോടനം. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാതയായ കെർച്ച് പാലത്തിൽ പ്രാദേശിക സമയം രാവിലെ 06.07 നാണ് സ്ഫോടനം നടന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കീഴിൽ റഷ്യ നിർമ്മിച്ചതും, നിരവധി സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, “നൂറ്റാണ്ടിന്‍റെ നിർമ്മാണം” എന്ന് റഷ്യൻ മാധ്യമങ്ങൾ വാഴ്ത്തിയതുമായ പാലത്തിലെ സ്ഫോടനം ഉക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചു.

പാലത്തിലൂടെ സഞ്ചരിച്ച ട്രെയിനിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ട്രക്ക് ബോംബ് ആക്രമണമാണ് സ്ഫോടനത്തിന് കാരണമായതെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. തെക്കൻ റഷ്യയിലെ കുബൻ മേഖലയിൽ നിന്നുള്ള ഒരാളാണ് സ്ഫോടനത്തിൽ ഉൾപ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം.

പാലത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സ്ഫോടനത്തിൽ തകർന്ന ട്രക്കിന് സമീപം സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന രണ്ട് പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കടലിടുക്കിൽ നിന്ന് കണ്ടെടുത്തതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ ഒരു ട്രക്കും കാറും പാലത്തിലൂടെ അടുത്തടുത്ത് നീങ്ങുന്നത് കാണാം.