തുര്‍ക്കിയിലെ കല്‍ക്കരി ഖനിയില്‍ വൻ സ്‌ഫോടനം; 25 പേർ മരിച്ചു
അങ്കാറ: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. അപകടം നടന്ന ഖനിയിൽ 12 ലധികം പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ തുർക്കിയെ നടുക്കിയ സ്ഫോടനത്തിൽ 11 പേരെ രക്ഷപ്പെടുത്തിയതായി തുർക്കി ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. രക്ഷപ്പെടുത്തിയ 11 പേരും ചികിത്സയിലാണ്.
അപകടസമയത്ത് 110 തൊഴിലാളികളാണ് ഖനിയിൽ ജോലി ചെയ്തിരുന്നത്. 985-1150 അടി താഴ്ചയുള്ള രണ്ട് സ്ഥലങ്ങളിലാണ് ഖനിത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് അപകടസ്ഥലം സന്ദർശിക്കും. മരണ സംഖ്യ ഇനിയും ഉയരില്ലെന്നാണ് പ്രതീക്ഷ. ഖനിയിൽ കുടുങ്ങിയവരെ ജീവനോടെ രക്ഷപ്പെടുത്തും. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോഗ്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖനിയിൽ നിന്ന് രക്ഷപ്പെട്ടവരാണ് കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ നൽകിയത്.
സൂര്യാസ്തമയത്തിന് തൊട്ടുമുമ്പാണ് സ്ഫോടനം നടന്നത്. അതിനാൽ ഇരുട്ട് കാരണം രക്ഷാപ്രവർത്തനത്തിൽ തടസ്സം നേരിട്ടു. 2014ൽ പടിഞ്ഞാറൻ തുർക്കി നഗരമായ സോമയിലെ കൽക്കരി ഖനിയിലുണ്ടായ തീപിടുത്തത്തിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.