ഡൽഹിയിൽ വൻ ഹെറോയിൻ വേട്ട

ഡൽഹി: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് സ്പെഷ്യൽ സെൽ പിടികൂടിയത്. 20 കോടി രൂപ വിലവരുന്ന നാല് കിലോ ഹെറോയിനാണ് കണ്ടെത്തിയത്. അറസ്റ്റിലായ അഖിലേഷ് കുമാർ കഴിഞ്ഞ ഏഴ് വർഷമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, മണിപ്പൂർ, അസം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഒരാൾ ബീഹാറിൽ നിന്ന് വൻതോതിൽ ഹെറോയിനുമായി ഡൽഹിയിലേക്ക് വരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഗാസിപൂരിലെ ഇഡിഎം മാളിന് മുന്നിൽ ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കാനാണ് ഇയാൾ ഡൽഹിയിലെത്തിയത്.

പൊലീസ് സംഘാംഗങ്ങൾ അഖിലേഷ് കുമാറിനെ വളയാൻ തുടങ്ങിയപ്പോൾ സംശയം തോന്നിയ ഇയാൾ മുന്നോട്ട് നീങ്ങി. എന്നാൽ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. അഖിലേഷിന്‍റെ ബാഗ് പരിശോധിച്ചപ്പോൾ നാല് കിലോ ഹെറോയിൻ കണ്ടെത്തി. പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താൻ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണെന്നും ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായും പ്രതി വെളിപ്പെടുത്തി.