പ്രവാചക നിന്ദ നടത്തിയ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം നൽകിയതിൽ വന്‍ പ്രതിഷേധം
ഹൈദരാബാദ്: പ്രവാചക നിന്ദ കേസിൽ അറസ്റ്റിലായ ബിജെപി എംഎൽഎ ടി രാജാ സിങിന് ജാമ്യം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റിലായ രാജയ്ക്ക് വൈകുന്നേരത്തോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. രാത്രി വൈകിയാണ് പ്രതിഷേധം ആരംഭിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് ഹൈദരാബാദിൽ പ്രതിഷേധം ശക്തമായത്. രാജയുടെ വസതിയിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ സംഘർഷമുണ്ടായി. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തിച്ചാർജ്ജ് നടത്തി.
രാജാ സിംഗ് എം.എൽ.എ പുറത്തുവിട്ട വീഡിയോ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച ഹൈദരാബാദിൽ വൻ പ്രതിഷേധം നടന്നിരുന്നു. ഇതേതുടർന്ന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തെ ബി.ജെ.പി സസ്പെൻഡ് ചെയ്തു. കാരണം കാണിക്കൽ നോട്ടീസും നൽകി. പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷവും രാജ പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു. താൻ പുറത്തു വന്നാൽ മറ്റൊരു വീഡിയോ നിർമ്മിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വൈകുന്നേരം കോടതി ജാമ്യം അനുവദിച്ചപ്പോൾ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം വിളിച്ച് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ലഡു വിതരണവും നടന്നു. എം.എൽ.എയുടെ അനുയായികളും എതിരാളികളും കോടതിക്ക് പുറത്ത് തമ്പടിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. പ്രതിഷേധക്കാർ രാജാ സിങ്ങിന്‍റെ കോലം കത്തിച്ചു.