പടിഞ്ഞാറേക്കരയിലെയും താനൂരിലെയും തീരത്ത് മത്തിച്ചാകര

പുറത്തൂർ: ഓരോ തിരയിലും വെള്ളത്തേക്കാൾ കൂടുതൽ ഒഴുകിയെത്തി മത്തി. പടിഞ്ഞാറേക്കരയിലെയും താനൂരിലെയും തീരത്താണ് മത്തിച്ചാകര എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് മീൻ വെസ്റ്റ് കോസ്റ്റ് ടൂറിസം ബീച്ചിലെത്തിയത്. തിരമാലയ്ക്കൊപ്പം മത്സ്യം കരയിലേക്ക് കയറുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി.

വലയുമായി വന്നവരും ഉണ്ടായിരുന്നു. വലകൾ നിറയെ മത്തിയാണ്. കുട്ടികളും മുതിർന്നവരും മത്തി കുട്ടകളിൽ എടുത്ത് കരയിൽ അടുക്കിവെച്ചു. നാട്ടുകാരിൽ പലരും സഞ്ചിയിലും പാത്രങ്ങളിലും കൊണ്ടുപോയി. വിവരമറിഞ്ഞ് ദൂരെ നിന്ന് നിന്നെത്തിയവരും നല്ല ഫ്രഷ് മത്തിയുമായി ബീച്ച് വിട്ടു. വൈകുന്നേരമാണ് താനൂരിൽ ഈ പ്രതിഭാസം ഉണ്ടായത്. ഇവിടെയും നൂറുകണക്കിന് ആളുകൾ മത്തിയുമായി മടങ്ങി. ഏതാനും മാസങ്ങൾക്ക് മുൻപും പടിഞ്ഞാറേക്കരയിൽ മീൻ കരയിലെത്തിയ സംഭവമുണ്ടായിരുന്നു.