മേയറുടെ കത്ത് വ്യാജം; വ്യാജരേഖ ചമയ്‌ക്കലിന് കേസെടുക്കാൻ ശുപാർശ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വ്യാജരേഖ ചമച്ചതിന് കേസെടുക്കാൻ ക്രൈംബ്രാഞ്ച് എസ്.പി ഉടൻ ഡി.ജി.പിക്ക് ശുപാർശ നൽകും. കത്ത് വ്യാജമാണെന്ന മേയറുടെയും കത്ത് കണ്ടിട്ടില്ലെന്ന സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

കത്തു വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കം. കത്ത് വിവാദത്തിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് അന്വേഷണം കൈവിട്ടു പോകാതിരിക്കാൻ കേരള പൊലീസ് നീക്കം ആരംഭിച്ചത്. പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്താതെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

ആനാവൂർ നാഗപ്പന്‍റെ മൊഴി ക്രൈംബ്രാഞ്ച് ഫോണിലൂടെ രേഖപ്പെടുത്തിയത് വിവാദമായിരുന്നു. ഫോണിലൂടെയുള്ള സംഭാഷണം മൊഴിയായി കണക്കാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നാണ് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ് മധുസൂദനൻ പറഞ്ഞത്. മേയറുടെ കത്ത് കണ്ടിട്ടില്ലെന്നും കത്തിനെ കുറിച്ച് അറിയില്ലെന്നുമായിരുന്നു ഫോണിലൂടെയുള്ള ആനാവൂരിന്റെ മൊഴി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപ്പറേഷനിലെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.