എംബാപ്പെ ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ താരം

പാരിസ്: പി.എസ്.ജിയുടെ എംബാപ്പെ ലോകത്തിലെ ഏറ്റവും മൂല്യമുളള ഫുട്ബോൾ കളിക്കാരനാണെന്ന് ഒരു പഠനം പറയുന്നു. സ്വിസ് ഗവേഷണ ഗ്രൂപ്പായ സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററിയാണ് പഠനം നടത്തിയത്.

റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലാൻഡ് എന്നിവരാണ് എംബാപ്പെയ്ക്ക് പിന്നിൽ. 205.6 ദശലക്ഷം യൂറോയാണ് എംബാപ്പെയുടെ ട്രാൻസ്ഫർ മൂല്യം. വിനീഷ്യൻ ജൂനിയറിന്റെ ട്രാൻസ്ഫർ മൂല്യം 185.3 മില്യൺ യൂറോയാണ്. 152.6 മില്യൺ ഡോളറാണ് എർലിംഗ് ഹാലാൻഡിന്റെ വില.

ബാഴ്സയുടെ പെഡ്രിയാണ് പട്ടികയിൽ നാലാമത്. 135.1 ദശലക്ഷം യൂറോയാണ് പെഡ്രിയുടെ ട്രാൻസ്ഫർ മൂല്യം. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം അഞ്ചാം സ്ഥാനത്താണ്. അതായത് 133.7 ദശലക്ഷം യൂറോ. ട്രാൻസ്ഫർ മൂല്യത്തിലെ റെക്കോർഡ് നെയ്മറുടെ പേരിലാണ്. 2017ൽ 222 മില്യൺ യൂറോയ്ക്കാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിലെത്തിയത്.