സൂപ്പർ കാറുകളുടെ രാജാവ് മക്‌ലാരന്‍ ഒടുവിൽ ഇന്ത്യയിൽ

മുംബൈ: ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ മക്‌ലാരൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഷോറൂം മുംബൈയിലാണ് തുറന്നിരിക്കുന്നത്. ഫെരാരി, മെസെരാറ്റി, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ സൂപ്പർകാർ ബ്രാൻഡുകളുമായി ബ്രിട്ടീഷ് കമ്പനി ഇന്ത്യയിൽ മത്സരിക്കും.

മക്‌ലാരൻ മോഡലുകൾക്ക് ഇന്ത്യയിൽ 4 കോടി രൂപ മുതലാണ് വില. ഏറ്റവും പുതിയ 765എൽടി സ്പൈഡർ ഉൾപ്പെടെ മക്‌ലാരന്‍റെ എല്ലാ മോഡലുകളും ഇന്ത്യയിലെത്തും. ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മക്‌ലാരന്‍റെ വരവ്. 2022ലെ ഹുറൂണ്‍ സമ്പന്നപ്പട്ടിക പ്രകാരം 1,000 കോടി രൂപയുടെ ആസ്തിയുള്ള 1103 ഇന്ത്യക്കാരുണ്ട്.

പൂർണ്ണമായും ഇറക്കുമതി ചെയ്ത മോഡലുകളാണ് മക്‌ലാരൻ ഇന്ത്യയിൽ വിൽക്കുക. കമ്പനി നേരിട്ട് പരിശീലനം നൽകിയ ജീവനക്കാരെ ഉൾക്കൊള്ളുന്ന സര്‍വീസ് സെന്ററും ഷോറൂമിന്റെ ഭാഗമായി ഉണ്ടാവും. ഇന്‍ഫിനിറ്റി കാര്‍സ് ആണ് മക്‌ലാരന്‍റെ ഇന്ത്യയിലെ വിതരണക്കാരൻ.