മലപ്പുറത്ത് അഞ്ചാംപനി കൂടുന്നു; വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 35 പേർക്ക്

മലപ്പുറം: വ്യാഴാഴ്ച 35 പേർക്ക് കൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ മലപ്പുറം കോവിഡിന് ശേഷം മറ്റൊരു പകർച്ചവ്യാധിയുടെ പിടിയിൽ. ബുധനാഴ്ച 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 239 ആയി. രണ്ടാഴ്ച മുമ്പ് കൽപകഞ്ചേരിയിൽ റിപ്പോർട്ട് ചെയ്ത 28 കേസുകളിൽ നിന്നാണ് രോഗവ്യാപനം. വ്യാഴാഴ്ചത്തെ കണക്ക് അനുസരിച്ച് ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദിവസം മുമ്പ് ഇത് 48 ആയിരുന്നു.

തൃപ്പനാച്ചി, അരീക്കോട്, കൊണ്ടോട്ടി, കുഴിമണ്ണ, ഏലംകുളം, പെരുവള്ളൂർ, കാളികാവ് എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ രണ്ട് ദിവസം മുമ്പ് 2 പേർക്ക് രോഗമുണ്ടായിരുന്ന സ്ഥാനത്ത് 12 പേർക്കായി. ജില്ലാ സ്കൂൾ കലോൽസവം നടക്കുന്ന തിരൂർ നഗരസഭാ പരിധിയിൽ കഴിഞ്ഞ ദിവസം ഒരാള്‍ക്കായിരുന്നത്, ഇപ്പോൾ 4 പേർക്കായി. കലോത്സവം വെള്ളിയാഴ്ച സമാപിക്കും. ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളിൽ തിരൂരിൽ വന്ന് പോയിരിക്കുന്നത്.

സാധാരണഗതിയിൽ ഒരു വ്യക്തിയിൽ നിന്ന് അഞ്ച് പേരിലേക്ക് കോവിഡ് പകരുമ്പോൾ 16 പേരിലേക്ക് അഞ്ചാംപനി പകരുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.