ജഹ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ കേന്ദ്രം മാറ്റി
കുവൈത്ത് സിറ്റി: കുവൈറ്റിലെ ജഹ്റയില്‍ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനാ കേന്ദ്രം ജഹ്റ ഹെൽത്ത് സെന്‍ററിൽ നിന്ന് ജഹ്റ ഹോസ്പിറ്റൽ 2 ലേക്ക് മാറ്റിയതായി ജഹ്റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ. ഫിറാസ് അൽ ശമ്മാരി പറഞ്ഞു.
ഇന്ന് മുതൽ പ്രവാസികൾക്കായുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രം ജഹ്റ ഹോസ്പിറ്റൽ 2 ലെ പഴയ ഒ.പി ക്ലിനിക്കുകളിൽ ആകും പ്രവർത്തിക്കുക. പ്രതിദിനം 500 മുതൽ 600 വരെ രോഗികൾക്ക് സേവനം നൽകാൻ പുതിയ കേന്ദ്രത്തിന് കഴിയുമെന്ന് പൊതുജനാരോഗ്യ വകുപ്പ് മേധാവി പറഞ്ഞു. രക്തപരിശോധനകൾ, മറ്റ് രോഗനിർണയ പരിശോധനകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയ്ക്കായി ആറ് കൗണ്ടറുകൾ വീതമുണ്ട്. നാല് റിസപ്ഷൻ കൗണ്ടറുകളും പ്രവർത്തിക്കും.
രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രം പ്രവർത്തിക്കുക. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 6 വരെയും ഇവിടെ സേവനങ്ങൾ ലഭ്യമാകും. ജഹ്റ ഹെൽത്ത് സെന്‍ററിലെ തിരക്ക് കുറയ്ക്കുന്നതിനും എത്രയും വേഗം പ്രവാസികള്‍ക്ക് മെഡിക്കല്‍ പരിശോധന സാധ്യമാവുന്നതിനും വേണ്ടി, ജഹ്റ ഹെല്‍ത്ത് ഡിസ്‍ട്രിക്ട് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഉവൈദ അല്‍ അജ്‍മിയുടെ നിർദ്ദേശാനുസരണം പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജഹ്റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ.ഫിറാസ് അല്‍ ശമ്മാരി പറഞ്ഞു.