കുറിപ്പടിയില്ലാതെ മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നീക്കം

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പരമാവധി അഞ്ച് ദിവസത്തേക്കുള്ള മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം അനുസരിച്ച് കഫം അകറ്റുന്നതിനുള്ള മരുന്നുകൾ, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, ചില മൗത്ത് വാഷുകൾ, മുഖക്കുരു നീക്കം ചെയ്യുന്നതിനുള്ള ക്രീമുകൾ, ക്രീം രൂപത്തിലുള്ള വേദനസംഹാരികൾ എന്നിവ കുറിപ്പടിയില്ലാതെ ലഭ്യമാകും.

ഇതിനായി 1945ലെ ഡ്രഗ്സ് റെഗുലേഷൻ ആക്ടിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്ന മരുന്ന് അഞ്ച് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ലെന്ന ചില നിബന്ധനകളോടെയാണ് മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. രോഗം മാറിയില്ലെങ്കിൽ ഡോക്ടറെ സമീപിക്കണമെന്നും നിർദേശത്തിൽ പറയുന്നു.