കേരള സർവകലാശാല വിസി നിയമന കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിർദേശിക്കാൻ യോഗം 11ന്
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് ചൊവ്വാഴ്ച സെനറ്റ് യോഗം ചേരും. രാവിലെ 10 മണിക്ക് ചേരുന്ന യോഗം പ്രതിനിധി തിരഞ്ഞെടുപ്പ് വിഷയം മാത്രമേ പരിഗണിക്കൂ. ഇതുസംബന്ധിച്ച് വി.സി വി.പി മഹാദേവൻ പിള്ള അംഗങ്ങൾക്ക് നോട്ടീസ് അയച്ചു.
അതേസമയം, കഴിഞ്ഞ സെനറ്റിലെ നിലപാട് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലാ എന്ന് ഭരണകക്ഷി അംഗങ്ങളും അജണ്ട അനുസരിച്ച് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെടുമെന്നാണ് സൂചന. അജണ്ട അനുസരിച്ച് പ്രതിനിധിയെ തിരഞ്ഞെടുത്ത് ഗവർണറെ അറിയിക്കാൻ വി.സി ബാധ്യസ്ഥനായതിനാൽ ഇക്കാര്യത്തിൽ വി.സിയുടെ നിലപാട് നിർണ്ണായകമാകും. വിസിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും.