മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച; ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും
ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. കൂടുതൽ ചർച്ചകൾക്കായി ഗോപി ചന്ദ് ഹിന്ദുജ ഡിസംബർ അവസാനം കേരളത്തിലെത്തും. ഇതിന് മുന്നോടിയായി ചർച്ചകൾ നടത്താൻ മൂന്നംഗ സംഘത്തെ ഹിന്ദുജ ചുമതലപ്പെടുത്തി. കേരളത്തിൽ ഫാക്ടറി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പ്രത്യേക സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചത്. ഈ സംഘം സന്ദർശനം നടത്തി അനുയോജ്യമായ സ്ഥലം ഉൾപ്പെടെ നിർദേശിക്കും.
ഹിന്ദുജ ഗ്രൂപ്പ് സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ആധുനിക സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ ഐ.ടി മാനവവിഭവശേഷി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകളും പരിശോധിക്കും. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി ,ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.