‘മേഘദൂത്’; ട്രെയിൻ യാത്രക്കാരുടെ ദാഹമകറ്റാൻ വായുവിൽ നിന്ന് വെള്ളം

മുംബൈ: മുംബൈയിൽ ട്രെയിൻ യാത്രക്കാരുടെ തൊണ്ട നനയ്ക്കാൻ സ്റ്റേഷനുകളിൽ വായുവിൽ നിന്നുള്ള വെള്ളം റെഡി. സെൻട്രൽ റെയിൽവേയുടെ 6 സ്റ്റേഷനുകളിൽ പ്രത്യേക ‘മേഘദൂത്’ വാട്ടർ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. സി.എസ്.എം.ടി, ദാദർ സ്റ്റേഷനുകളിൽ അഞ്ച് വീതവും, താനെയിൽ നാല്, കുർള, ഘാട്കോപ്പർ, വിക്രോളി സ്റ്റേഷനുകളിൽ ഓരോന്ന് വീതവും 17 വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു. പദ്ധതി വൈകാതെ മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.

വെൻഡിംഗ് മെഷീനുകൾ വായുവിലെ നീരാവിയെ ശുദ്ധജലമാക്കി മാറ്റുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഏത് കാലാവസ്ഥയിലും ഇത് പ്രവർത്തിക്കുന്നു. യാത്രക്കാർക്ക് കുപ്പികളിൽ അതിൽ നിന്ന് വെള്ളം നിറയ്ക്കാം. ഒരു ലിറ്റർ കുപ്പി 12 രൂപയ്ക്ക് നിറയ്ക്കാം. 500 മില്ലി ലിറ്റർ കുപ്പിക്ക് 8 രൂപയാണ് വില. നിലവിലെ മഴ കുറയുകയും നഗരം ചൂടാകുകയും ചെയ്യുന്നതോടെ പുതിയ സംവിധാനം യാത്രക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. നേരത്തെ, പൈപ്പ് വെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ വെൻഡിംഗ് മെഷീനുകൾ സ്റ്റേഷനുകളിൽ ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് കാലത്തിന് ശേഷം റെയിൽവേ കരാർ പുതുക്കിയില്ല. ഇക്കാരണത്താൽ, യാത്രക്കാർക്ക് കൂടുതൽ വിലയേറിയ കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ടിവന്നു.

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ സ്റ്റേഷനുകളിൽ കുപ്പിവെള്ളത്തിന്‍റെ ആവശ്യം കൂടുതലാണ്. നിലവിൽ ഐആർസിടിസിയുടെ ബ്രാൻഡായ ‘റെയിൽനീർ’ മാത്രമാണ് റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കാൻ അനുവാദമുള്ളത്. ഇത് പലപ്പോഴും കുപ്പിവെള്ളത്തിന്‍റെ ക്ഷാമത്തിലേക്ക് നയിക്കുന്നു.