ചലച്ചിത്ര മേളയിലെ കശ്മീർ ഫയൽസ് പരാമർശം; ഇന്ത്യയോട് ക്ഷമ ചോദിച്ച് ഇസ്രയേൽ അംബാസഡർ

ന്യൂഡൽഹി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘ദി കശ്മീർ ഫയൽസ്’ ഉൾപ്പെടുത്തിയതിനെ വിമർശിച്ച ഇസ്രായേൽ ചലച്ചിത്രകാരൻ നാദവ് ലാപിഡിനെ വിമർശിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നാഒർ ഗിലോൺ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഗിലോൺ ഇന്ത്യയോട് ക്ഷമാപണം നടത്തി.

കശ്മീർ ഫയൽസിനെ പ്രചാരണാധിഷ്ഠിത സിനിമയും അശ്ലീലവും എന്ന് വിശേഷിപ്പിച്ച ലാപിഡ് ചലച്ചിത്ര മേളയുടെ ജൂറി പാനലിലേക്ക് അദ്ദേഹത്തെ ക്ഷണിച്ച ഇന്ത്യയെ അപമാനിച്ചുവെന്ന് ജിലോൺ ആരോപിച്ചു. ആഴത്തിൽ പഠിക്കാതെ ചരിത്രസംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പരുഷവും വിവേകശൂന്യവുമാണ്. അത് ഇപ്പോഴും ഇന്ത്യയ്ക്ക് ഒരു മുറിവാണ്. കാരണം ബാധിക്കപ്പെട്ടവർ ഇപ്പോഴും ഇവിടെയുണ്ട്. അതിനുള്ള വില അവർ ഇപ്പോഴും നൽകുന്നുണ്ട്. ജൂതവംശഹത്യയെയും അതു പ്രമേയമായ സിനിമ ‘ഷിൻഡ്‌‌ലേഴ്സ് ലിസ്റ്റി’നെയും ലാപിഡ് സംശയിക്കുന്നു എന്ന മട്ടിൽ ഇന്ത്യയിൽ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. അതെന്നെ വേദനിപ്പിക്കുന്നു. ലാപിഡിന്‍റെ വാക്കുകൾക്ക് ന്യായീകരണമില്ല. ഞാൻ അതിനെ അപലപിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിൽ, ലാപിഡിന്‍റെ മോശം പെരുമാറ്റത്തിന് ഞാൻ ലജ്ജിക്കുകയും ഇന്ത്യയോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു,” ഗിലോൺ പറഞ്ഞു.

ലാപിഡിന്‍റെ പരാമർശം വ്യക്തിപരമാണെന്ന വിശദീകരണവുമായി ഫിലിം ഫെസ്റ്റിവലിന്‍റെ ജൂറി ബോർഡും രംഗത്തെത്തിയിരുന്നു. സിനിമയുടെ സാങ്കേതികവും സൗന്ദര്യാത്മകവുമായ ഗുണനിലവാരവും സാമൂഹികവും സാംസ്കാരികവുമായ പ്രസക്തിയും പരിശോധിക്കുകയാണ് ജൂറിയെന്ന നിലയിൽ തങ്ങളുടെ കടമയെന്നും ഒരു സിനിമയെക്കുറിച്ചുള്ള രാഷ്ട്രീയ പരാമർശങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അങ്ങനെയാണെങ്കിൽ അത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബോർഡ് പറഞ്ഞു.