മെന്റർ വിവാദം; മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടിസ് നിയമസഭ തള്ളി

തിരുവനന്തപുരം: ജെയ്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ലെന്നും മകളുടെ കമ്പനിയുടെ മെൻ്റർ ആണെന്നും ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസ് നിയമസഭ തള്ളി. മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മാത്യു കുഴൽനാടൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ പ്രതികരണം പരിശോധിച്ചതായി സഭ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെൻ്റർ ആണ് ജെയ്ക് ബാലകുമാർ. മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല. ഈ വ്യത്യാസം മറച്ചുപിടിച്ചായിരുന്നു കുഴൽനാടന്‍റെ പ്രസ്താവനയെന്നും മുഖ്യമന്ത്രി അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.

മെന്‍റർ വിവാദത്തിൽ സ്പീക്കർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം തേടിയിരുന്നു. നിയമസഭാ ചട്ടത്തിലെ 154ആം ചട്ട പ്രകാരമാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.