പുള്ളാവൂരിലെ മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഇനി ലോകത്തിന് മുന്നിൽ

സൂറിച്ച്: കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ കുറുങ്ങാട്ടുകടവിലെ തുരുത്തിയിൽ സ്ഥാപിച്ച ലയണൽ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കട്ടൗട്ടുകൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. പുള്ളാവൂരിലെ ചെറുപുഴയിലെ തുരുത്തിയിൽ മൂന്ന് താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ, ഇൻസ്റ്റാൾ ചെയ്ത കട്ടൗട്ടിന്‍റെ ചിത്രങ്ങൾ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. ഫിഫയും ഈ കട്ടൗട്ടുകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കട്ടൗട്ടിന്‍റെ ചിത്രം ഫിഫ അതിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കിട്ടു. ഇതോടെയാണ് പുള്ളാവൂരിലെ സൂപ്പർതാരങ്ങളുടെ വമ്പൻ ചിത്രങ്ങൾ ആഗോളതലത്തിൽ പ്രശസ്തമായത്.

നിരവധി ആരാധകരാണ് പോസ്റ്റിന് കീഴിൽ അഭിനന്ദന സന്ദേശങ്ങളുമായി രംഗത്തെത്തിയത്. ‘ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും’ എന്ന അടിക്കുറിപ്പോടെയാണ് ഫിഫ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി മലയാളികളും പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. പുള്ളാവൂരില്‍ മെസിയുടെ കട്ട് ഔട്ടാണ് ആദ്യം സ്ഥാപിച്ചത്. തുടർന്ന് ആരാധകർ നെയ്മറിന്‍റെയും റൊണാൾഡോയുടെയും കട്ടൗട്ടുകൾ ഇട്ടു. റൊണാൾഡോയുടേതാണ് അവയിൽ ഏറ്റവും വലുത്. താരത്തിന്‍റെ കട്ടൗട്ടിന്‍റെ വലുപ്പം 50 അടിയാണ്.