മെസ്സിയുടെ കരിയറിലെ അമൂല്യ നേട്ടം; അർജന്‍റീനക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോകകപ്പ് നേടിയ അർജന്‍റീനയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഫുട്ബോൾ താരം ലയണൽ മെസ്സി തന്‍റെ കരിയറിലെ ഏറ്റവും വിലയേറിയ നേട്ടം കൈവരിച്ചാണ് അർജന്‍റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി”.

ഫുട്ബോളെന്ന മനോഹരമായ ഗെയിമിന്‍റെ അതുല്യമായ ആവിഷ്കാരങ്ങൾ ഈ ടൂർണമെന്‍റിലുടനീളം കാണാനിടയായി. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്ബോൾ ആരാധകർക്കു കാത്തിരിക്കാം.” – മുഖ്യമന്ത്രി പ്രതികരിച്ചു. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്‍റീന ഖത്തറിൽ ലോകകപ്പ് കിരീടം നേടിയത്.