പ്രധാനമന്ത്രിയുടെ പ്രഖ്യാപന ശേഷവും മെട്രോ രണ്ടാംഘട്ട നിർമാണം മന്ദഗതിയിൽ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇഴയുന്നു. ഫണ്ടിന്‍റെ അഭാവം മൂലം പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരു മാസം കഴിഞ്ഞിട്ടും പദ്ധതി വേഗത്തിലായിട്ടില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ട് ഉടൻ ലഭ്യമാകുമെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ റോഡ് വീതികൂട്ടലും കാന പുനർനിർമ്മാണവും മാസങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. പക്ഷേ, പ്രാരംഭ ആവേശത്തിനു ശേഷം എല്ലാം നിലച്ചു. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ടും നിർമ്മാണത്തിന് ഊർജം വെച്ചില്ല. ഭൂമി ഏറ്റെടുക്കലിന് ഫണ്ടില്ലെന്നതാണ് പ്രശ്നം. ഭൂമി ഏറ്റെടുക്കാൻ അടിയന്തരമായി 130 കോടി രൂപ വേണം. 134 ഭൂവുടമകൾക്കാണ് പണം നൽകേണ്ടത്. ഇതിനുപുറമെ, ഭൂമി ഏറ്റെടുക്കൽ ഓഫീസുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും പണമില്ല. അധികൃതർ ഇക്കാര്യം പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന നിലപാടിലാണ് കെഎംആർഎൽ.

അതേസമയം, മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിനായി പ്രോജക്ട് മാനേജ്മെന്‍റ് കണ്സൾട്ടന്‍റിനെ കണ്ടെത്താൻ കെഎംആർഎൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ കൺസൾട്ടന്‍റിനെ കണ്ടെത്തി അടുത്ത വർഷം ആദ്യം നിർമ്മാണം ആരംഭിക്കുകയാണ് ലക്ഷ്യം. ഈ കാലയളവിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.