കൈക്കൂലി കേസിൽ പ്രതിയായ എംജി സർവകലാശാല സെക്‌ഷൻ അസിസ്റ്റന്റ് എൽസിയെ പിരിച്ചുവിട്ടു

കോട്ടയം: എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്‍റ് സി.ജെ എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിൻഡിക്കേറ്റിന്‍റെ തീരുമാനത്തെ തുടർന്നാണ് പ്രോ വൈസ് ചാൻസലർ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചത്. മാർക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് വിജിലൻസ് എൽസിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് എൽസിയെ സസ്പെൻഡ് ചെയ്തിരുന്നു.

അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എൽസിയെ പിരിച്ചുവിട്ടത്. ഗുരുതരമായ ക്രമക്കേടുകളും പെരുമാറ്റദൂഷ്യങ്ങളും എൽസിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ മാർക്ക് തിരുത്തി. വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ വേണ്ടിയാണ് ക്രമക്കേടുകൾ നടത്തിയത്.