എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ ഉടൻ; അടുത്ത വർഷം പുറത്തിറക്കും

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം ആയാണ് പുതിയ കാർ എത്തുക.

ഇന്തോനേഷ്യൻ വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച വൂളിംഗ് എയർ ഇവിയുടെ ഇന്ത്യൻ പതിപ്പാണ് എംജി എയർ ഇവി. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമ്മിക്കുക. 

ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനമാക്കിയാണ് കാർ നിർമ്മാണമെങ്കിലും, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി പറയുന്നു. എംജിയിൽ നിന്നുള്ള അനൗദ്യോഗിക വിവരങ്ങൾ അനുസരിച്ച്, എയർകോണും ബാറ്ററി തെർമൽ മാനേജ്മെന്‍റ് സംവിധാനവും ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റും. ലുക്കിൽ ചെറിയ മാറ്റങ്ങളും പ്രതീക്ഷിക്കാം.