ഇടക്കാല തിരഞ്ഞെടുപ്പ്; യുഎസിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി. ഫലം പ്രഖ്യാപിക്കാനിരുന്ന നെവാഡ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥി ജയിച്ചതോടെ ഭൂരിപക്ഷം ഉറപ്പാക്കി. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 50-49 എന്ന നിലയിലാണ് മുൻ‌തൂക്കം. സെനറ്റിലെ 35 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സെനറ്റ് അധ്യക്ഷയായ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് നിയമനിർമ്മാണത്തിൽ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തും. ഫലം വരാനിരിക്കുന്ന ജോർജിയ സംസ്ഥാനത്ത് ഡിസംബറിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.

അമേരിക്കയിലെ 36 സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മേൽക്കൈ. പ്രസിഡന്‍റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും.

തിങ്കളാഴ്ച പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് മുൻപ് പറഞ്ഞിരുന്നു. 2024ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിക്കുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.