ഓട്ടോ ഡ്രൈവറുടെ കൊലപാതകം ഭാര്യ മിനിയുടെ അറിവോടെ

കണ്ണൂർ : കൈതപ്രത്തെ ഓട്ടോ ഡ്രൈവർ രാധാകൃഷ്ണന്റെ കൊലപാതകത്തെകുറിച്ച് ഭാര്യ മിനിക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന് പൊലീസ്. പ്രതിയായ സന്തോഷിന് രാധാകൃഷ്ണന്റെ ലൊക്കേഷൻ വിവരങ്ങളടക്കം നൽകിയതും മിനിയാണെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് മിനിയുടെ പങ്ക് പൊലീസ് കണ്ടെത്തിയത്. മിനിയും സന്തോഷും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. റീൽസുകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന പതിവുണ്ടായിരുന്നു മിനി നമ്പ്യാർക്ക്. ഒരു വർഷം മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് സന്തോഷിന്റെ കമന്റ്, തിരിച്ച് മിനിയുടെ ലൈക്ക്. പിന്നെ ചാറ്റിങിലൂടെ ബന്ധം വളർന്നു. സഹപാഠിയെന്ന് കള്ളം പറഞ്ഞ് വീട്ടിലെത്തിച്ചു. പുതിയ വീടിന്റെ നിർമാണമടക്കം സന്തോഷിനെ ഏൽപ്പിച്ചു.

മാർച്ച് 20നായിരുന്നു കൈതപ്രത്തെ പണി നടക്കുന്ന വീട്ടിൽ വച്ച് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊന്നത്. അന്നേ ദിവസം രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന മകനെ മിനി നിരന്തരം ഫോണിൽ വിളിച്ചു. രാധാകൃഷ്ണന്റെ കൃത്യമായ ലൊക്കേഷൻ മനസിലാക്കലായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷ് മിനിയുമായി ഫോണിൽ ബന്ധപ്പെട്ടെന്നും പൊലീസ് പറയുന്നു. മിനിയും സന്തോഷുമായുള്ള ബന്ധമറിഞ്ഞ് രാധാകൃഷ്ണൻ മിനിയെ ഉപദ്രവിച്ചതിലുള്ള ദേഷ്യമാണ് കൊലക്ക് പിന്നിലെന്ന് സന്തോഷ് നേരത്തേ സമ്മതിച്ചിരുന്നു.