ഇന്ദു മല്‍ഹോത്രയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ‘കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍’ ആരാധനാലയങ്ങള്‍ ഏറ്റെടുക്കുകയാണ് എന്ന സുപ്രീംകോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് 229 കോടി രൂപയുടെ സഹായം നല്‍കിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

ക്ഷേത്ര ബോര്‍ഡുകള്‍ക്ക്, ക്ഷേത്രങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ കൃഷിയടക്കമുള്ള വാണിജ്യ സംരംഭങ്ങള്‍ക്കായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു ഇക്കാര്യം അദ്ദേഹം പറഞ്ഞത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉണ്ടാക്കുന്ന വരുമാനം കൊണ്ടാണെന്ന് ഇന്ദു മല്‍ഹോത്ര പറഞ്ഞിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് എന്നിവയ്ക്ക് സർക്കാർ 165 കോടി രൂപ അനുവദിച്ചതായി രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. 2018ലെ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിയുടെ സമയത്ത് ക്ഷേത്രങ്ങളേയും ധനസഹായത്തിനായി പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.