ഗവർണർക്കെതിരെ പ്രതികരിച്ച് മന്ത്രി കെ രാജൻ
തിരുവനന്തപുരം: സർക്കാരിനെതിരെ പോർവിളിച്ച് മുന്നോട്ട് പോകുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് മന്ത്രിമാർ. അതിരുകടന്ന് പോകരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ ഗവർണർക്ക് മുന്നറിയിപ്പ് നൽകി. തങ്ങൾ ഭരണഘടനയ്ക്ക് താഴെയാണെന്ന് എല്ലാവരും മനസിലാക്കണമെന്നും പ്രവർത്തിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ പേരിലാണ് ഗവർണറെ ആദരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി തരംതാഴ്ത്താൻ ശ്രമിക്കരുത്. സർവകലാശാലകളിൽ നിയമസഭയ്ക്കും സർക്കാരിനും അവകാശമില്ലെന്ന് എങ്ങനെ പറയുന്നുവെന്ന ചോദ്യം ഉന്നയിച്ച മന്ത്രി സർവകലാശാല നിയമങ്ങൾ പാസാക്കിയത് നിയമസഭയാണെന്ന് ഓർമ്മിപ്പിച്ചു.
ഗവർണറും സർക്കാരും തമ്മിലുള്ള ആശയവിനിമയം മാധ്യമങ്ങളിലൂടെ നടത്തരുതെന്ന് വ്യവസായ മന്ത്രി പി രാജീവും പറഞ്ഞു. ചാൻസലർ എന്ന നിലയിൽ ഗവർണർ സ്വീകരിച്ച നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് രാജീവിന്റെ പ്രതികരണം.
നേരത്തെ മന്ത്രി രാജീവിന്റെ പ്രതികരണത്തിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി എങ്ങനെ പറയുമെന്ന് ചോദിച്ച ഗവർണർ മന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും ചോദിച്ചു. മന്ത്രിയുടെ പ്രവർത്തനം ഗവർണർ പരിശോധിക്കണം. താനാണ് മന്ത്രിമാരെ നിയമിച്ചത്. ഭരണഘടന ലംഘിക്കപ്പെട്ടാൽ ഇടപെടാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.