ശാന്തിഗിരി ആശ്രമത്തിന് മുന്നിലെ പാടത്ത് കൊയ്ത്തിനിറങ്ങി മന്ത്രി പി പ്രസാദ്

അരൂര്‍: മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിക്കുത്തി നേരെ വയലിലേക്ക് ഇറങ്ങി. എന്നിട്ട് കൊയ്ത്തരിവാളിന് കതിർക്കറ്റകൾ മുറിച്ചെടുത്തു. കുറച്ചായപ്പോൾ അവ ദെലീമ ജോജോ എം.എൽ.എയുട തലയിലേക്ക് വെച്ച് കൊടുത്തു. കാണികളുടെ ആവേശം കെടുത്താതെ എം.എൽ.എ അതുമായി നേരെ ശാന്തിഗിരി ആശ്രമത്തിലേക്ക് നടന്നു.

ആശ്രമത്തിന് മുന്നിലെ 17 ഏക്കറിൽ 26 വർഷമായി നിർത്താതെ നടക്കുന്ന പൊക്കാളി കൃഷിയുടെ വിളവെടുപ്പിൽ ജനപ്രതിനിധികൾ താരങ്ങളായി. ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് കൃഷിയെന്നും മറ്റെല്ലാ കണ്ടുപിടുത്തങ്ങളും ഭക്ഷണത്തിന്‍റെ ബലത്തിലാണെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ദെലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.രാഖി ആന്‍റണി, വൈസ് പ്രസിഡന്‍റ് എം.പി.ബിജു, ആശ്രമത്തിന്‍റെ ചുമതലയുള്ള ഭക്തദത്തൻ ജ്ഞാനതപസ്വി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സീനത്ത്, ഷിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ, ഇ.ഇ ഇർഷാദ്, സി.പി.എം നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നേതാക്കളായ സി.പി.പ്രകാശൻ, ചന്ദ്രിക സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം.അജിത് കുമാർ, കൃഷി അസിസ്റ്റന്‍റ് എ.വി.ചിത്ര, അജിത് കുമാർ ആലപ്പുഴ, മുതിർന്ന കർഷകൻ അബ്ദുൾ ഖാദർ, ശാന്തിഗിരി ചേർത്തല ഏരിയ ഡി.ജി.എം. രവീന്ദ്രൻ പി.ജി, ഏരിയ മാനേജർ റെജി എന്നിവർ പ്രസംഗിച്ചു. കർഷകർക്കും ഗുരുഭക്തർക്കും ചേർന്ന് ദിവസങ്ങളെടുത്താണ് വിളവെടുപ്പ് പൂർത്തിയാക്കുന്നത്.