മന്ത്രി യുവതിയുടെ മുഖത്തടിച്ച സംഭവം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്

ബെംഗളൂരു: പട്ടയം വിതരണം ചെയ്യാനുള്ള പരിപാടിക്കിടെ കർണാടക മന്ത്രി യുവതിയുടെ മുഖത്തടിച്ച സംഭവത്തിൽ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു. അഹങ്കാരം ബി.ജെ.പി മന്ത്രിമാരുടെ തലയിൽ കയറിയെന്നും അദ്ദേഹം ആരോപിച്ചു. ചെങ്കോട്ടയിൽ സ്ത്രീകളെ ആദരിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഇങ്ങനെയാണോ നിങ്ങൾ ഇന്ത്യയിലെ സ്ത്രീകളെ സംരക്ഷിക്കുകയും അവർക്ക് സുരക്ഷ നൽകുകയും ചെയ്യുന്നത്? യുവതിയെ പരസ്യമായി മർദ്ദിച്ച മന്ത്രിയെ പുറത്താക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും സുർജേവാല വിമർശിച്ചു.

യുവതിക്ക് നേരെ മന്ത്രി നടത്തിയ മർദ്ദനം ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കർണാടക അടിസ്ഥാന സൗകര്യവികസന മന്ത്രി വി.സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്. ചാമരാജനഗർ ജില്ലയിൽ സംഘടിപ്പിച്ച പട്ടയ വിതരണ പരിപാടിക്കിടെയായിരുന്നു സംഭവം. പട്ടയം ലഭിക്കാത്തത് ചോദ്യം ചെയ്തതിനാണ് പ്രകോപിതനായ മന്ത്രി യുവതിയുടെ മുഖത്തടിച്ചത്. എന്നാൽ മർദ്ദനമേറ്റിട്ടും യുവതി മന്ത്രിയുടെ കാൽ തൊട്ട് വന്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് സോമണ്ണ ക്ഷമാപണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.