വിഴിഞ്ഞം സമരം അവസാനിപ്പിക്കാത്തതിൽ ദുരൂഹതയെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതിനാൽ സമരം അവസാനിപ്പിക്കാമെന്ന് കരുതുന്നവർ സമരസമിതിയുടെ തലപ്പത്തുണ്ട്. എന്നിട്ടും സമരം പിൻവലിക്കാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. സമരസമിതിയിലെ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയം കളിക്കുകയാണെന്ന് തോന്നുന്ന തരത്തിലാണ് മുന്നോട്ട് പോക്കെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെയും തലസ്ഥാനത്തിന്‍റെയും വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി നാട്ടുകാർക്കടക്കം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭാവിതലമുറയെക്കുറിച്ച് കരുതിയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് ശിവൻകുട്ടി അഭ്യർത്ഥിച്ചു.

“മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ ആറെണ്ണം സർക്കാർ അംഗീകരിച്ചു. ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ബന്ധമുള്ളവരാണ്. മത്സ്യത്തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്. അവർക്ക് അർഹമായത് നൽകണമെന്നാണ് എൽഡിഎഫിന്‍റെ നിലപാട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാരുകൾ എല്ലായ്പ്പോഴും മത്സ്യത്തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഇതറിയാം. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവെക്കണമെന്നത് അസാധാരണമായ ആവശ്യമാണ്”, മന്ത്രി പറഞ്ഞു.