എസ്എടിയില്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനം ആഗ്രഹിച്ച ചികിത്സാ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഇടപെടലിന്റെ സാക്ഷാത്ക്കാരമാണ് മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പുതിയ കുട്ടികളുടെ തീവ്രപരിചരണ വിഭാഗമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് തീവ്രപരിചരണത്തിന് മതിയായ കിടക്കകളുടെ അഭാവമായിരുന്നു എസ്എടി ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. മാതാപിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതിനുള്ള സാമ്പത്തിക ബാധ്യതയും മനസ്സിലാക്കിയാണ് 32 ഐസിയു കിടക്കകൾ സജ്ജമാക്കിയത്. നേരത്തെ പീഡിയാട്രിക് ഐസിയുവിൽ 18 കിടക്കകളാണ് ഉണ്ടായിരുന്നത്. അതാണ് 50 ആക്കിയത്. ഇത് എസ്എടിയുടെ ചികിത്സാ സേവനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എസ്.എ.ടിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, മെഡിക്കല്‍ കോളജില്‍ ഇ ഹെല്‍ത്ത് ഓണ്‍ലൈന്‍ ലാബ് റിപ്പോര്‍ട്ടിംഗ്, നവീകരിച്ച പ്രവേശന കവാടം, എമര്‍ജന്‍സി വിഭാഗത്തിലെ നിരീക്ഷണ ക്യാമറ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് വെല്ലുവിളി മാറിയെങ്കിലും പകർച്ചവ്യാധികൾ ഇപ്പോഴും നിലനില്‍ക്കുകയാണ്. ചുമയോടു കൂടിയ വൈറല്‍ ഇന്‍ഫെക്ഷന്‍ കാണുന്നുണ്ട്. വായുവിലൂടെ പകരുന്ന ഇത്തരം പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ തീവ്രപരിചരണ വിഭാഗത്തിൽ നെഗറ്റീവ് പ്രഷർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

എസ്.എ.ടി ആശുപത്രിയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 12 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. എസ്.എം.എ ക്ലിനിക്ക് ആരംഭിച്ചു. എസ്.എം.എ ബാധിച്ച 21 കുട്ടികൾക്ക് മരുന്ന് നൽകാൻ തീരുമാനിച്ചു. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വകുപ്പ് ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ ഇജിജി ലാബ് സജ്ജമാക്കിവരുന്നു. സംസ്ഥാന മാതൃ-ശിശു സൗഹൃദ ആശുപത്രി ഇനിഷേറ്റീവ് അംഗീകാരം ഉയര്‍ന്ന സ്‌കോറോടെ എസ്എടി ആശുപത്രി സ്വന്തമാക്കി. മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി പുതിയ ബ്ലോക്കും കൂടുതൽ സൗകര്യങ്ങളും എസ്.എ.ടി.യിൽ ലഭ്യമാക്കും. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള കാർഡിയാക് സർജറി വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ 50ലധികം ശസ്ത്രക്രിയകൾ നടത്തി. ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.