ജയിൽ ഡിജിപി സുദേഷ് കുമാറിന്റെ വിദേശ പഠനയാത്ര റദ്ദാക്കി വിദേശകാര്യ മന്ത്രാലയം

തിരുവനന്തപുരം: യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ ജയിലുകളിലെ സൗകര്യങ്ങളെക്കുറിച്ച് പഠിക്കാൻ ജയിൽ ഡിജിപി സുദേഷ് കുമാർ നടത്താനിരുന്ന യാത്ര റദ്ദാക്കി. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ അഡ്മിനിസ്ട്രേഷന്‍റെ നേതൃത്വത്തിലായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നത്.

അടുത്ത വർഷത്തേക്ക് യാത്ര മാറ്റിവയ്ക്കാനാണ് വിദേശകാര്യ മന്ത്രാലയം അക്കാദമിക്ക് നിർദേശം നൽകിയത്. ഇതിന്‍റെ കാരണം വ്യക്തമല്ല. യാത്ര മാറ്റിവച്ചതിനെ തുടർന്ന് നേരത്തെ ഇറക്കിയ ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കി.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാർ ഈ മാസം അവസാനത്തോടെ വിരമിക്കും. വിരമിക്കുന്ന മാസത്തിൽ ജയിലിലെ സൗകര്യങ്ങൾ പഠിക്കാൻ വിദേശത്തേക്ക് അയയ്ക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. തലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്ന് 95 ശതമാനം ഡിസ്കൗണ്ടിൽ സ്വർണം വാങ്ങിയതായി സുദേഷ് കുമാറിനെതിരെ പരാതി ലഭിച്ചിരുന്നു. വിദേശയാത്രകളെക്കുറിച്ചും പരാതികൾ ലഭിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.