കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സില്‍; ആറുദിവസത്തോളം പഴക്കം

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ 6 ദിവസത്തോളം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിനിയായ 32കാരിയാണ് മരിച്ചത്. പൂർണ്ണ നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. തലയുടെ ഇടത് വശത്തും നെഞ്ചിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.

വീടുകളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുകയായിരുന്ന യുവതിയെ കഴിഞ്ഞ 29 മുതലാണ് കാണാതായത്. കുണ്ടറ പൊലീസ് സ്റ്റേഷനിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 29ന് വൈകുന്നേരം യുവതിയെ കടൽത്തീരത്ത് കണ്ടതായി പറയുന്നവരുണ്ട്. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.

ചൊവ്വാഴ്ച രാത്രി ഇതുവഴി വന്ന രണ്ട് യുവാക്കൾ ദുർഗന്ധം വമിക്കുന്ന വിവരം ഈസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കൂടുതൽ പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. യുവതിയുടെ ബാഗും ഉള്‍വസ്ത്രവും മൃതദേഹത്തിന് സമീപം കണ്ടെത്തി.