മിസ്ത്രിയുടെ മരണം; കാറോടിച്ച വനിത നിരന്തരം ട്രാഫിക് നിയമങ്ങൾ ലംഘിച്ചിരുന്നതായി കണ്ടെത്തൽ

മുംബൈ: വ്യവസായി സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച കാർ ഓടിച്ചിരുന്ന ഡോ.അനിത പണ്ഡോള ആവർത്തിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചിരുന്നതായി കണ്ടെത്തി. സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണം അനിത പാണ്ഡോളയുടെ അശ്രദ്ധയാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ഇവർ ആവർത്തിച്ച് നിയമം ലംഘിച്ചതായി കണ്ടെത്തിയത്.

ഈ വർഷം ഒക്ടോബർ നാലിനാണ് ടാറ്റാ ഗ്രൂപ്പിന്‍റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പണ്ഡോളയും അപകടത്തിൽ മരിച്ചത്. അനിതാ പണ്ഡോളയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ കൂടിയാണ് ജഹാംഗീര്‍ പണ്ഡോള.

2020 നും 2022 നും ഇടയിൽ അനിതാ പണ്ഡോളയുടെ പേരിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് 19 തവണ ഇ-ചലാൻ നൽകിയിട്ടുണ്ട്. ഇതിൽ 11 തവണയും അമിത വേഗത കാരണമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട കാറിന് തന്നെയാണ് ഇത്രയധികം പിഴ ചുമത്തിയിരുന്നതും. മുംബൈ ട്രാഫിക് പൊലീസിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് പാൽഘർ പൊലീസ് പറഞ്ഞു. അനിതാ പണ്ഡോളക്കെതിരായ കുറ്റപത്രത്തിൽ ഇക്കാര്യങ്ങളും ഉൾപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.