അന്തരിച്ച ഫുട്ബോൾ താരം പ്രിയയുടെ സഹോദരന് ജോലി വാഗ്‌ദാനം ചെയ്ത് എം.കെ സ്റ്റാലിൻ

ചെന്നൈ: സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം മരിച്ച വനിതാ ഫുട്ബോൾ താരം പ്രിയയുടെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്നലെ അന്തരിച്ച ചെന്നൈ ക്വീൻ മേരീസ് കോളേജിലെ വിദ്യാർത്ഥിനി പ്രിയയുടെ വീട് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചു.

ദുരിതാശ്വാസ സഹായമായി സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. പ്രിയയുടെ സഹോദരനെ സർക്കാർ സർവീസിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവും അദ്ദേഹം കൈമാറി. മഴയത്ത് വെള്ളം കയറുന്ന വീടിന് പകരം പുതിയ വീട് നിർമ്മിക്കുമെന്ന് സന്ദർശന വേളയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി.

ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് പ്രിയ മരിച്ചത്. ലിഗമെന്‍റ് തകരാറ് പരിഹരിക്കാൻ ശസ്ത്രക്രിയയ്ക്ക് ശേഷം രക്തയോട്ടം നിലയ്ക്കുന്ന തരത്തിൽ അശ്രദ്ധമായ രീതിയിൽ ബാൻഡേജ് ചുറ്റിയത് മൂലമാണ് പ്രിയയുടെ ജീവൻ നഷ്ട്ടമായതെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡോക്ടർമാർ ഒളിവിലാണ്.