ഹിന്ദി അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷാ യുദ്ധം കൂടെ ആരംഭിക്കരുതെന്ന് എം.കെ.സ്റ്റാലിന്‍

ചെന്നൈ: ജനങ്ങൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിച്ച് മറ്റൊരു ഭാഷായുദ്ധം ആരംഭിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാലകള്‍ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അധ്യയനഭാഷയാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിലുള്ള 22 ഔദ്യോഗിക ഭാഷകൾക്ക് പുറമേ കൂടുതൽ പ്രാദേശിക ഭാഷകൾ കൂടി ഉൾപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുമ്പോൾ അത്തരമൊരു നീക്കത്തിന്‍റെ പ്രസക്തി എന്താണ് എന്ന് സ്റ്റാലിൻ ചോദിച്ചു. എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെപ്റ്റംബർ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് ആഘോഷ വേളയിൽ ഹിന്ദിയെ ഭരണഭാഷയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്ദേഹം അധ്യക്ഷനായ കമ്മിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള നടപടികള്‍ ഇതര ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.