മെയ് ആറിന് ബംഗളൂരു നഗരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; കര്‍ണാടകയില്‍ വോട്ട് ഉറപ്പാക്കുക ലക്ഷ്യം
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരു നഗരത്തില്‍ റോഡ് ഷോ നടത്തും. മെയ് 6ന് 36.6 കിലോമീറ്റര്‍ റോഡ് ഷോയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ റോഡ് ഷോ എട്ട് മണിക്കൂറോളം നീളുമെന്നാണ് വിലയിരുത്തല്‍. ‘നമ്മ കര്‍ണാടക’ എന്ന പേരില്‍ നടത്തുന്ന റോഡ് ഷോ ബംഗളൂരുവിലെ 17 നിയമസഭ മണ്ഡലത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ 10.1 കിലോമീറ്റര്‍ ആദ്യഘട്ടമായും വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെ 26.5 കിലോമീറ്റര്‍ രണ്ടാംഘട്ടമായുമാണ് റോഡ്‌ഷോ അരങ്ങേറുക. അതേസമയം 10 ലക്ഷത്തോളം പേര്‍ പങ്കാളികളാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.