മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്ഥാനാരോഹണം ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത് രണ്ട് ദിവസം മുൻപാണ്. പ്രതീക്ഷിക്കപ്പെട്ട ഒരു തീരുമാനം തന്നെയായിരുന്നു അത്.

എന്നാല്‍ കിരീടാവകാശിയായിരിക്കെ തന്നെ എം.ബി.എസിനെ പ്രധാനമന്ത്രിയായി നിയമിച്ചത് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രായാധിക്യത്തെ തുടർന്ന് സൽമാൻ രാജാവ് ഇപ്പോൾ വിശ്രമത്തിലാണ്. പൊതുചടങ്ങുകളിൽ അദ്ദേഹം അപൂർവമായി മാത്രമേ പങ്കെടുക്കാറുള്ളൂ. അതിനാൽ, ആഭ്യന്തര, അന്തർദ്ദേശീയ നയതന്ത്ര വിഷയങ്ങളില്‍ തീരുമാനങ്ങൾ എടുക്കുന്നതും വിദേശത്ത് സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നതും ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതുമെല്ലാം എംബിഎസാണ്.