മങ്കിപോക്സും കോവിഡും എയ്ഡ്സും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു

ലോകത്തിലെ പല രാജ്യങ്ങളിലും മങ്കിപോക്സ് പടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം കൊവിഡ് നിരക്കും കൂടുകയാണ്. കൊവിഡിന് ശേഷം മങ്കിപോക്സും വന്ന അനുഭവങ്ങൾ പങ്കുവച്ചവരുണ്ട്. ഇപ്പോഴിതാ, ഒരേ സമയം കൊവിഡ്, മങ്കിപോക്സ്, എച്ച്ഐവി എന്നിവ സ്ഥിരീകരിച്ച യുവാവിന്‍റെ വാർത്തയാണ് പുറത്തുവരുന്നത്. ഇറ്റലിയിൽ നിന്നുള്ള 36കാരനാണ് ഒരേ സമയം മൂന്ന് രോഗങ്ങളും സ്ഥിരീകരിച്ചത്.

ജേണൽ ഓഫ് ഇൻഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പെയിനിൽ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഈ വ്യക്തിക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. തുടക്കത്തിൽ പനി, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവ ഉണ്ടായിരുന്നു. യാത്ര കഴിഞ്ഞ് ഒമ്പതുദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയത്. പിന്നീട്, ചർമ്മത്തിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ചൊറിച്ചിലും കുമിളകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. രോഗലക്ഷണങ്ങൾ തീവ്രമായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മലദ്വാരത്തിന്‍റെ ഭാഗം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കണ്ടു. കരളിന്‍റെയും പ്ലീഹയുടെയും വികാസവും കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. താമസിയാതെ, അദ്ദേഹം എച്ച്ഐവി പോസിറ്റീവ് ആണെന്ന ഫലവും വന്നു. ഒമിക്രോൺ വകഭേദമായ ബിഎ.5.1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്. സൈഫർ വാക്സിന്‍റെ രണ്ട് ഡോസുകളും യുവാക്കൾ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ.