മങ്കിപോക്സിന് ഇനി പുതിയ പേര്; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലണ്ടൻ: രോഗവ്യാപനം വർദ്ധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. രോഗത്തിന് മങ്കിപോക്സ് എന്ന പേര് തുടരുന്നതിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. മങ്കിപോക്സ് ഇനി എംപോക്സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു.

മങ്കിപോക്സ് എന്ന പേരിന് പിന്നിൽ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയും ഉണ്ടെന്ന് വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യ സംഘടന പേര് മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ, തിങ്കളാഴ്ച, പേര് മാറ്റം പരസ്യമാക്കുകയും ചെയ്തു.

പതിറ്റാണ്ടുകൾ പഴക്കമുള്ള രോഗത്തിന്‍റെ പേരുമാറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാണിച്ചത്. ഒന്ന്, കറുത്തവരെ അപമാനിക്കാൻ മങ്കിപോക്സ് എന്ന പേര് ഉപയോഗിക്കുന്നു എന്നതാണ്. മറ്റൊന്ന് കുരങ്ങുകൾ മാത്രമാണ് രോഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതാണ്.