കുരങ്ങ് വസൂരി ; സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്

തിരുവനന്തപുരം: മങ്കിപോക്സ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളവും അതീവ ജാഗ്രതയിലാണ്. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. രാജ്യത്തെ നാല് മങ്കിപോക്സ് കേസുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സംസ്ഥാനം കർശന നടപടികൾ സ്വീകരിക്കുന്നത്. കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നാലാമത്തെ മങ്കിപോക്സ് കേസും ഇന്നലെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ രോഗം സ്ഥിരീകരിച്ച വിമാന യാത്രക്കാരുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേക ജാഗ്രതാ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും പുറപ്പെടുവിച്ചിട്ടുണ്ട്.