കെഎസ്ആര്‍ടിസി ജീവനക്കാരന്റെ സദാചാര ആക്രമണം; ഇരകളായി പ്ലസ് ടു വിദ്യാര്‍ഥികൾ
തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ വിദ്യാര്‍ഥിയെ മർദ്ദിച്ചതായി പരാതി. അരുമാനൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഷാനിനാണ് മർദ്ദനമേറ്റത്. പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടർന്ന് ജീവനക്കാരൻ തന്നെ മർദ്ദിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. പൂവാർ ബസ് സ്റ്റാൻഡിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ സുനിൽ കുമാറിനെതിരെയാണ് പരാതി.
സ്കൂൾ പരീക്ഷ പൂർത്തിയാക്കിയ ശേഷം ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ പൂവാറിലെത്തിയതായിരുന്നു വിദ്യാർത്ഥി. ഏറെ നേരം ഷാൻ പെൺകുട്ടികൾക്കൊപ്പം നിന്നെന്ന് പറഞ്ഞാണ് സുനിൽ മർദ്ദിച്ചത്.
അതേസമയം, യൂണിഫോം ധരിക്കാതെ കൂട്ടമായി നിൽക്കുന്ന വിദ്യാർത്ഥികളെ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിനും പിന്നീട് കയ്യാങ്കളിക്കും ഇടയാക്കിയതെന്നും വിവരങ്ങളുണ്ട്.