‘കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ തുറക്കും’

ഇളന്തിക്കര: കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. സൈനിക സിലബസുള്ള ശ്രീ ശാരദ വിദ്യാമന്ദിർ സ്കൂളിന്‍റെ പേര് ‘ജനറൽ ബിപിൻ റാവത്ത് സൈനിക് സംസ്കൃതി സ്കൂൾ’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാൽവൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മാരകമായി നിർമ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

സൈനികരംഗത്ത് സേവനമനുഷ്ഠിക്കുന്നതിൽ കേരളീയർക്ക് വലിയ താൽപ്പര്യമുണ്ടെന്നും 90,000 ലധികം മലയാളികൾ രാജ്യത്ത് സൈനികരായി മാറിയെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്‍റ് റോസി ജോഷി, എറണാകുളം മുൻ കുടുംബ കോടതി ജഡ്ജി ലീലാ മണി, സ്കൂൾ ചെയർമാൻ കെ കെ അമരേന്ദ്രൻ, ബോർഡ് അംഗം പരമേശ്വരൻ നമ്പൂതിരി, പി പി മോഹന്ദാസ്, പ്രിൻസിപ്പൽ എൻ ശ്രീലക്ഷ്മി കോട്ടപ്പുറം രൂപതാ ചാൻസലർ ഫാ.ബെന്നി വാഴക്കൂട്ടത്തിൽ, ശശീന്ദ്രൻ വല്ലത്ത്, വൈസ് പ്രിൻസിപ്പൽ ഷീജ അനിൽ, സുഗിഷ കൊച്ചാത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ അന്തരിച്ച മൂന്ന് പ്രസിഡന്‍റുമാരെ മരണാനന്തര ബഹുമതിയായി ആദരിച്ചു.