കൂടുതൽ കപ്പലുകൾ യുക്രൈൻ വിടുന്നു; എന്നിട്ടും തീരാതെ ഭക്ഷ്യപ്രതിസന്ധി

ഈസ്താംബൂൾ: 58,000 ടൺ ചോളവുമായി മൂന്ന് കപ്പലുകൾ കൂടി യുക്രൈൻ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. അയർലൻഡ്, യു.കെ, തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. റഷ്യൻ അധിനിവേശത്തെ തുടർന്ന് നിർത്തിവച്ച കരിങ്കടലിലെ ചരക്കുനീക്കം തിങ്കളാഴ്ച പുനരാരംഭിച്ചു. ഇടവേളയ്ക്ക് ശേഷം ആദ്യം പുറപ്പെട്ട കപ്പൽ ഞായറാഴ്ചയോടെ ലക്ഷ്യസ്ഥാനമായ ലെബനനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്ന സമയത്ത് ധാന്യ കയറ്റുമതി പുനരാരംഭിച്ചത് ലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്നു. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് നിരീക്ഷണങ്ങൾ.

ഒന്നാമതായി, യുക്രൈൻ ഇപ്പോൾ കയറ്റുമതി ചെയ്യുന്ന ധാന്യങ്ങളിൽ ഭൂരിഭാഗവും മൃഗങ്ങൾക്ക് തീറ്റകൊടുക്കാനേ ഉപകരിക്കൂ. 20 ദശലക്ഷം ടൺ ധാന്യങ്ങൾ കരുതൽ ശേഖരത്തിലുണ്ടെന്ന് യുക്രൈൻ പറയുന്നു. കരിങ്കടലിലെ മൈനുകളുടെ ഭീഷണി കാരണം, ചരക്കുനീക്കം കുറച്ച് കാലത്തേക്കെങ്കിലും മന്ദഗതിയിലായിരിക്കും. മുഴുവൻ ധാന്യങ്ങളും നീക്കം ചെയ്താൽ മാത്രമേ അടുത്ത വർഷത്തെ വിളവെടുപ്പ് നടത്താൻ കഴിയൂ. കെട്ടിക്കിടക്കുന്ന ധാന്യങ്ങളിൽ 60 ലക്ഷം ടൺ ഗോതമ്പാണ്. അതിൽ പകുതിമാത്രമാണ് മനുഷ്യർക്ക് ഉപയോഗിക്കാൻ കൊള്ളാവുന്നത്.