സൗദിയിൽ റെയ്ഡുകളിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 17000 ത്തിലധികം നിയമലംഘകർ

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി സുരക്ഷാ ഏജൻസികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡിൽ 17,000 ലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 13 നും 19 നും ഇടയിൽ 9,346 ഇഖാമ ലംഘകരും 4,980 നുഴഞ്ഞുകയറ്റക്കാരും 2,788 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടെ 17,114 പേരെ അറസ്റ്റ് ചെയ്തു.

ഇക്കാലയളവിൽ അതിർത്തികളിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതിന് 600 ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 28 ശതമാനം യെമനികളും 69 ശതമാനം എത്യോപ്യക്കാരും 3 ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അതിർത്തികളിലൂടെ അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 73 പേരെയും ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.
ഇഖാമ, തൊഴിൽ നിയമം ലംഘിക്കുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലി, താമസം, യാത്രാസൗകര്യം എന്നിവ നൽകിയ 16 പേരെയും സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.