ജൈവവൈവിധ്യക്കരാറില്‍ ഒപ്പിട്ട് 200 ലോകരാജ്യങ്ങള്‍; കരഘോഷത്തോടെ സ്വീകരിച്ച് പ്രതിനിധികൾ

മോണ്ട്രിയൽ: നാല് വർഷത്തെ സമഗ്ര ചർച്ചകൾക്കൊടുവിൽ ഇന്ത്യ ഉൾപ്പെടെ ഇരുനൂറിലധികം രാജ്യങ്ങൾ ചരിത്രപരമായ ജൈവവൈവിധ്യ കരാറിൽ ഒപ്പുവെച്ചു. കാനഡയിലെ മോണ്ട്രിയലിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിലാണ് (കോപ് 15) കരാർ ഒപ്പുവച്ചത്.

പരിസ്ഥിതിനാശം തടയുകയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുകയുമാണ് ലക്ഷ്യം. കോപ് -15 ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കുന്ന ചൈനീസ് പരിസ്ഥിതി മന്ത്രി ഹുവാങ് റുൻഖു പ്രഖ്യാപിച്ച കരാറിനെ പ്രതിനിധികൾ കൈയടികളോടെ സ്വീകരിച്ചു.

ജൈവവൈവിധ്യ സംരക്ഷണത്തിനായി വികസ്വരരാജ്യങ്ങളോടുൾപ്പെടെ സാമ്പത്തിക സഹായമഭ്യർഥിച്ച കരാറിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ വിയോജിപ്പ് വ്യക്തമാക്കി. വിവിധ ഭൂപ്രദേശങ്ങൾ,സമുദ്രങ്ങൾ, വനങ്ങൾ മുതലായവയെ മലിനീകരണത്തിൽ നിന്നും ഭൂമിയെ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യം.