രണ്ടാം വാരം 200 ല്‍ അധികം തിയറ്ററുകളിൽ; കേരളത്തിലും ‘കാന്താര’ തരംഗം
റിഷഭ് ഷെട്ടിയുടെ ‘കാന്താര’ കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം കന്നഡ സിനിമയുടെ അഭിമാനമായി മാറുകയാണ്. റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 30നാണ് തിയേറ്ററുകളിൽ എത്തിയത്. കന്നഡ പതിപ്പ് രാജ്യത്തുടനീളം പുറത്തിറക്കി.
കർണ്ണാടകയിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം പതുക്കെ മറ്റ് സംസ്ഥാനങ്ങളിലെ പ്രേക്ഷകർക്കിടയിലെ സംസാരവിഷയമായി മാറുകയും നിർമ്മാതാക്കൾ ഡബ്ബ് ചെയ്ത പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളും പിന്നാലെ വന്നു. ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഒക്ടോബർ 20 നാണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിലെത്തിച്ചത്. പ്രേക്ഷകരിൽ നിന്ന് വലിയ പ്രതികരണം നേടിയ ശേഷം രണ്ടാമത്തെ ആഴ്ചയിൽ കാന്താര സ്ക്രീൻ കൗണ്ട് വലിയ രീതിയിൽ വർദ്ധിപ്പിച്ചു.
ഒക്ടോബർ 20ന് കേരളത്തിലെ 121 തിയറ്ററുകളിലാണ് ‘കാന്താര’യുടെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. ആദ്യ കുറച്ച് ദിവസങ്ങളിൽ തന്നെ നല്ല പബ്ലിസിറ്റിയോടെ, ഈ കന്നഡ ചിത്രത്തിന് പല മലയാള ചിത്രങ്ങളേക്കാളും കൂടുതൽ പ്രേക്ഷകരുണ്ട്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ 208 സ്ക്രീനുകളിൽ കാന്താര പ്രദർശിപ്പിക്കുമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് അറിയിച്ചു. ഇതിനകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബിൽ പ്രവേശിച്ചിരിക്കുകയാണ് ഈ റിഷഭ് ഷെട്ടി ചിത്രം. ഡബ്ബ് ചെയ്ത പതിപ്പുകളും പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയതിനാൽ ചിത്രം വരും ആഴ്ചകളിൽ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.