നാലായിരത്തിലേറെ ശതകോടീശ്വരന്മാർ ഈ വർഷം ദുബായിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്
യു.എ.ഇ: യു.എ.ഇ.യിൽ താമസസൗകര്യങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ഗോൾഡൻ വിസയും മറ്റ് നിക്ഷേപ അനുകൂല നടപടികളും കാരണം നിരവധി ആളുകൾ യു.എ.ഇയിലേക്ക് കുടിയേറുന്നു. ഈ വർഷം ദുബായിൽ 38,000 താമസസൗകര്യങ്ങൾ കൂടി വർധിക്കുമെന്നാണ് കണക്ക്. ഈ വർഷം 4,000 ലധികം ശതകോടീശ്വരൻമാർ ദുബായിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യും.
ഈ വർഷം ആദ്യ പാദത്തിൽ മാത്രം 6,700 റെസിഡൻഷ്യൽ സ്പേസുകളാണ് ദുബായിൽ നിർമ്മിച്ചത്. 31,000 എണ്ണം കൂടി നിർമിക്കും. മെയ് മാസത്തിൽ മാത്രം 5440 ഇടപാടുകളാണ് നടന്നത്. പ്രതിവർഷം ശരാശരി 33 ശതമാനം വളർച്ചയാണ് ഈ മേഖലയ്ക്കുള്ളത്. ദുബായ് ലാൻഡ്, ഇന്‍റർനാഷണൽ സിറ്റി, ജെവിസി എന്നിവിടങ്ങളിലാണ് വിൽപ്പന കൂടുതലും നടന്നത്. ഈ വർഷം ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ താമസസ്ഥലങ്ങൾ വിറ്റഴിച്ചത് എംബിആർ സിറ്റിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദുബായ് ലാൻഡ്, ഡൗൺടൗൺ, ബിസിനസ് ബേ, ദുബായ് ക്രീക്ക് ഹാർബർ, അൽ ജദ്ദാഫ്, ജെവിസി എന്നിവിടങ്ങളാണ് താമസത്തിനുള്ള ഡിമാൻഡ് വർദ്ധിച്ചത്. സൂം പ്രോപ്പർട്ടി ഇൻസൈറ്റിന്‍റെ റിപ്പോർട്ട് പ്രകാരം മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലാണ് ഏറ്റവും കൂടുതൽ ജനവാസ മേഖലകൾ വിറ്റഴിച്ചത്. അന്താരാഷ്ട്ര തലത്തിൽ സമ്പദ് വ്യവസ്ഥ തകർച്ചയിലായിരിക്കുമ്പോഴും ദുബായിലെ താമസസ്ഥലങ്ങളുടെയും സ്വത്തുക്കളുടെയും വിൽപ്പന റെക്കോർഡുകൾ സൃഷ്ടിച്ചു.