പുതുക്കിയ വൺ റാങ്ക്, വൺ പെൻഷൻ പദ്ധതിയിൽ 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

ന്യൂഡൽഹി: വിമുക്ത ഭടൻമാർക്കുള്ള ‘വൺ റാങ്ക്, വൺ പെൻഷൻ’ പദ്ധതി പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകളെയും ഭിന്നശേഷിയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി. 4.5 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾ പദ്ധതിയിൽ ഉൾപ്പെട്ടു. മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 25.13 ലക്ഷമാണ്.

ഒരേ റാങ്കിൽ ഒരേ സേവന ദൈർഘ്യത്തിൽ വിരമിക്കുന്ന സായുധ സേനാംഗങ്ങൾക്ക് ഏകീകൃത പെൻഷൻ നൽകുന്നതാണ് പദ്ധതി. 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരണം നടപ്പാക്കും. 2019 ജൂൺ 30 മുതൽ വിരമിച്ച സേനാംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

2019 ജൂലൈ മുതൽ 2022 ജൂൺ വരെ 23,600 കോടിയിലധികം രൂപ കുടിശ്ശികയായി നൽകും. 31 ശതമാനം ക്ഷാമബത്ത ഉൾപ്പെടെ പുതുക്കിയ പദ്ധതി പ്രകാരം പ്രതിവർഷം 8,450 കോടി രൂപയുടെ അധിക ചെലവ് കേന്ദ്ര സർക്കാരിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.