മോറിസ് കോയിൻ തട്ടിപ്പ്: 14 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) 14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നടപടി.

കേസിലെ മുഖ്യപ്രതി നിലമ്പൂർ പൂക്കോട്ടുംപാടം അമരമ്പലം തോട്ടക്കര സ്വദേശി കെ.നിഷാദിന്റെയും, കെ. ഹാസിഫിന്‍റെയും ഉടമസ്ഥതയിലുള്ള ഫ്ലൈ വിത്ത് മീ മൊബൈൽ എൽഎൽപിയുടെ ബാങ്ക് ഡെപ്പോസിറ്റ്, നിഷാദിന്‍റെയും കൂട്ടാളികളുടെയും സ്വത്തുക്കൾ എന്നിവയാണ് കണ്ടുകെട്ടിയത്. കൊച്ചിയിലെ ഒരു ആശുപത്രിയുടെ അക്കൗണ്ടിലെ ഫ്ലൈവിത്ത് മീ ആപ്ലിക്കേഷന്‍റെ നിക്ഷേപവും തമിഴ്നാട്ടിലെ 52 ഏക്കർ കൃഷിഭൂമിയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ഇതേ കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശിയും സ്റ്റോക്സ് ഗ്ലോബൽ ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ അബ്ദുൾ ഗഫൂറിന്‍റെ 36.72 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി. ഇത് നേരത്തെ കണ്ടുകെട്ടിയിരുന്നു. മോറിസ് തട്ടിപ്പ് കേസിൽ ഇതുവരെ 50.72 കോടി രൂപ കണ്ടുകെട്ടി.